Latest Updates

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനമായ നാളെ (ജൂലൈ 9) കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ളത്. കെഎസ്ആര്‍ടിസി പൊതുഗതാഗതമാണ്, ജീവനക്കാർ സമരം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ സമരത്തിൽ ആറുശതമാനം ജീവനക്കാർ മാത്രം പങ്കെടുത്തപ്പോള്‍, മറ്റുള്ള 94 ശതമാനവും ജോലിയിൽ ഹാജരായത് കെഎസ്ആര്‍ടിസിയിലെ മാറുന്ന സമീപനത്തിന്റെ പ്രതീകമാണെന്നും മന്ത്രി വ്യക്തമാക്കി. ജോലിയിലുള്ള ജീവനക്കാർ ഇപ്പോൾ സന്തുഷ്ടരാണ് എന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വഴിയിലാണ് സര്‍ക്കാര്‍ മുന്നേറുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. അതേസമയം, കെഎസ്ആര്‍ടിസി-സിഐടിയു വിഭാഗം നേതാക്കൾ പണിമുടക്കിൽ പങ്കെടുക്കുമെന്നും, ഇതിനായി സിഎംഡിക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ഐഎന്‍ടിയുസി പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ പണിമുടക്ക് പൂര്‍ണമായിരുന്നു. ബസുകൾ പണിമുടക്കിയതോടെ ഗ്രാമപ്രദേശങ്ങളിലുടനീളം ജനങ്ങള്‍ യാത്രക്കായി വലയേണ്ടിവന്നു. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സംയുക്ത സമര സമിതിയുടെ സമരം. വിദ്യാർത്ഥി കൺസെഷൻ നിരക്ക് വർധിപ്പിക്കുക,140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കുക, അനാവശ്യ പിഴ ഈടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ ഉന്നയിച്ചിരിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice